ഫിലിപ്പീൻസിലെ മിൻഡാനാവോ ദ്വീപിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ നാല് പേർ മരണപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വെറും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ശക്തമായ കുലുക്കത്തിൽ പ്രദേശത്തെ 37 വാണിജ്യ കെട്ടിടങ്ങൾ തകർന്നുവീണു. നാശനഷ്ടങ്ങളുടെ പൂർണ്ണമായ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഭൂചലനം ഉണ്ടാകുന്ന സമയത്ത് പ്രദേശത്തെ മഹായാഹ ഹൈസ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് നടക്കുകയായിരുന്നു. പെട്ടെന്ന് ശക്തമായ വിറയൽ അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ പരിഭ്രാന്തരായി നിലവിളിച്ചുകൊണ്ട് ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഭൂകമ്പത്തിന് തൊട്ടുപിന്നാലെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ജപ്പാൻ, പലാവു, പാപുവ ന്യൂഗിനിയ തുടങ്ങിയ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. എങ്കിലും മുൻകരുതലെന്ന നിലയിൽ തീരദേശ മേഖലകളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.