Share this Article
News Malayalam 24x7
ഇറാനിലെ ജലവിതരണ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം; പ്രതിഷേധവുമായി ഇറാൻ
 Thousands Without Drinking Water After US Military Attacks Water Infrastructure

ഇറാനിലെ തന്ത്രപ്രധാനമായ ജലവിതരണ സംവിധാനങ്ങൾക്കു നേരെ യുഎസ് സൈന്യം ബോധപൂർവം ആക്രമണം നടത്തിയതായി ഇറാന്റെ വെളിപ്പെടുത്തൽ. പത്ത് ഗ്രാമങ്ങളിലായി 20,000ത്തിലധികം താമസക്കാർക്ക് കുടിവെള്ളം എത്തിക്കുന്ന രണ്ട് കൂറ്റൻ ജലസംഭരണികളാണ് ആക്രമണത്തിൽ തകർന്നത്. ഇത് യാദൃച്ഛികമായി സംഭവിച്ച നാശനഷ്ടമല്ലെന്നും മറിച്ച് സാധാരണക്കാരുടെ ജീവിതത്തെ ദുരിതത്തിലാക്കാൻ ആസൂത്രണം ചെയ്ത ആക്രമണമാണെന്നും ഇറാൻ കുറ്റപ്പെടുത്തി.


ഇറാനിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നടപടി നഗ്‌നമായ മനുഷ്യാവകാശ ലംഘനവും ആസൂത്രിതമായ യുദ്ധക്കുറ്റവുമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വിമർശിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. സാധാരണക്കാരുടെ നിലനിൽപ്പിന് ആധാരമായ സംവിധാനങ്ങൾക്ക് നേരെ ഇത്തരം വ്യവസ്ഥാപിതമായ ക്രൂരതകൾ കാണിക്കുന്നതിന് അമേരിക്ക ലോകത്തോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


അതേസമയം, ഇറാനിലെ നിർണായക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു. ഒരു വെടിനിർത്തൽ കരാറിലേക്കുള്ള ചർച്ചകളുടെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം. ഇനിയും ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അമേരിക്കൻ വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡ് ആസ്ഥാനമായ ഫ്ലോറിഡയിലെ ടാമ്പയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പീറ്റ് ഹെഗ്സെത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം സാധാരണ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ഈ വിഷയം ചർച്ചയായേക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories