അമേരിക്കയും ഇറാനും തമ്മിൽ പുതിയൊരു സമാധാന ധാരണയിലെത്തുന്നതായി സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ നടത്താനിരുന്ന വ്യോമാക്രമണങ്ങളും മറ്റ് സൈനിക നീക്കങ്ങളും താൽക്കാലികമായി റദ്ദാക്കിയതായി അദ്ദേഹം പ്രഖ്യാപിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഖത്തർ അമീറുമായും ഇസ്രായേലുമായും യുഎസ് പ്രസിഡന്റ് ചർച്ചകൾ നടത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളും ഇറാന്റെ പരമോന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.
ഇറാനെതിരെയുള്ള ആക്രമണങ്ങൾ റദ്ദാക്കിയെങ്കിലും, കരാർ ഔദ്യോഗികമായി അന്തിമമാകുന്നതുവരെ ഹോർമുസ് കടലിടുക്കിലും പശ്ചിമേഷ്യയിലും സൈനിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, യുഎസുമായി യാതൊരുവിധത്തിലുള്ള കരാറുകളും ഇതുവരെ അന്തിമമായിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഒരു ധാരണയിലും എത്തിച്ചേർന്നിട്ടില്ലെന്നാണ് ഇറാന്റെ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.