സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണമേർപ്പെടുത്തിയ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരള സംസ്ഥാന വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയും. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ബോർഡിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിൽ പുനഃസ്ഥാപിക്കാൻ അനുമതി നൽകണമെന്നുമാണ് ഹർജികളിലെ പ്രധാന ആവശ്യം. അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ വഴിയാണ് ഇരുവരും സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ഭേദഗതി ചെയ്ത വഖഫ് നിയമപ്രകാരം മുസ്ലിം ഇതര വിഭാഗത്തിൽ നിന്നുള്ള രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താതെ ബോർഡ് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. ബി.ജെ.പി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയത്.
കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ നയപരമായ സുപ്രധാന തീരുമാനങ്ങൾ എടുക്കരുതെന്നും മൂലധന ചെലവുകൾ നടത്തരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കൂടാതെ, കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ ജോയിന്റ് സെക്രട്ടറിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലും ഭരണത്തിലുമായിരിക്കണം ബോർഡിന്റെ പ്രവർത്തനം എന്നും കോടതി ഉത്തരവിട്ടു.
ഭേദഗതി ചെയ്ത പുതിയ വഖഫ് നിയമത്തിലെ (UMEED Act) സെക്ഷൻ 14 പ്രകാരം വഖഫ് ബോർഡുകളിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് അംഗങ്ങളും ഒരു ഷിയാ പ്രതിനിധിയും ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ നിലവിലെ ബോർഡിൽ ഈ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാവ് ഷോൺ ജോർജ്, അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (ACTS) തുടങ്ങിയവർ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നിയമപ്രകാരം കമ്മിറ്റി പൂർണ്ണമായി പുനഃസംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചെങ്കിലും, നിലവിലെ ഒൻപതംഗ കമ്മിറ്റിക്ക് നിയമപരമായ സാധുതയില്ലെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവോടെ ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് വഖഫ് ബോർഡും ഉമർ ഫൈസിയും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.