Share this Article
News Malayalam 24x7
വി എസ് അച്യുതാനന്ദനെ കുറിച്ചുള്ള ഓര്‍മ്മകുറിപ്പുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി
Deshabhimani Releases Special Weekend Supplement on VS Achuthanandan

വി. എസ്. അച്യുതാനന്ദന്റെ അനുസ്മരണക്കുറിപ്പുകൾ അടങ്ങിയ ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒടുവിൽ പുറത്തിറങ്ങി. വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിലുള്ള ഫീച്ചർ പൂർണ്ണമായും ഒഴിവാക്കിയാണ് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പം വാരാന്തപ്പതിപ്പ് വിതരണം ചെയ്തത്.


വി.എസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പ് അച്ചടി പൂർത്തിയായ ശേഷമാണ് വിതരണം ചെയ്യാതെ അവസാന നിമിഷം മാറ്റിവെച്ചത്. വി.എസിനെക്കുറിച്ചുള്ള ഫീച്ചറിനൊപ്പം വാരാന്തപ്പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന 'കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.' എന്ന വെഞ്ഞാറമൂട് സ്വദേശിയായ നാടകപ്രവർത്തകനെക്കുറിച്ചുള്ള ഫീച്ചറാണ് വിവാദങ്ങൾക്ക് കാരണമായത്. തലമുതിർന്ന നേതാവിനെക്കുറിച്ചുള്ള അനുസ്മരണപ്പതിപ്പിൽ ഇത്തരമൊരു തലക്കെട്ട് വരുന്നത് ദുർവ്യാഖ്യാനങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇട നൽകുമെന്ന എഡിറ്റോറിയൽ ബോർഡിലെ ഒരു വിഭാഗത്തിന്റെ നിലപാടാണ് താത്കാലികമായി വിതരണം തടയാൻ കാരണമായതെന്നാണ് സൂചന.



വാരാന്തപ്പതിപ്പ് പൂഴ്ത്തിവെച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ, പ്രസ്സിലെ യന്ത്രത്തകരാർ മൂലമുണ്ടായ സാങ്കേതിക തടസ്സങ്ങൾ കാരണമാണ് ഞായറാഴ്ച പതിപ്പ് പുറത്തിറക്കാതിരുന്നതെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്ററും സി.പി.ഐ.എം. നേതാവുമായ എം. സ്വരാജ് വിശദീകരിച്ചു. 'കള്ളൻ വിജയൻ' എന്ന പേരിൽ ഒരു ലേഖനം വാരാന്തപ്പതിപ്പിൽ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ ഫീച്ചറിനായി തന്റെ വിവരങ്ങളും ഫോട്ടോയും ദേശാഭിമാനി പ്രതിനിധികൾ വന്ന് വാങ്ങിയിരുന്നുവെന്ന് പുല്ലംപാറയിലെ നാടകപ്രവർത്തകനായ വിജയൻ തന്നെ വെളിപ്പെടുത്തിയതോടെ പാർട്ടി നേതൃത്വം പ്രതിരോധത്തിലായി.



വിവാദമായ നാടക ഫീച്ചർ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഇന്ന് വാരാന്തപ്പതിപ്പ് വായനക്കാരിലേക്ക് എത്തിയത്. 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന തലക്കെട്ടിൽ വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ തയാറാക്കിയ അനുസ്മരണക്കുറിപ്പാണ് ഈ പതിപ്പിലെ പ്രധാന ആകർഷണം. വി.എസിന്റെ സമരജീവിതവും ഓർമ്മകളും കോർത്തിണക്കിയ ഈ പതിപ്പ് ഇന്ന് വായനക്കാർക്കിടയിൽ വിതരണം ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories