Share this Article
News Malayalam 24x7
CMRL - Exalogic case; ടി. വീണയ്ക്ക് കുരുക്ക് മുറുകുന്നു; ശശിധരൻ കർത്തയുടെ നിർണ്ണായക മൊഴി പുറത്ത്
CMRL Exalogic Probe

സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് കുരുക്ക് മുറുകുന്നു. സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽ നിന്ന് എക്സാലോജിക് സൊല്യൂഷൻസും വീണയും പണം കൈപ്പറ്റിയതെന്ന് വ്യക്തമാക്കുന്ന സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെ നിർണ്ണായക മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പുറത്തുവിട്ടു.

മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വീണയുടെയും കമ്പനിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ഇ.ഡി ആരംഭിച്ചു. ഇതിന്റെ ഭാഗമായി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ഇ.ഡി റിപ്പോർട്ട് നൽകിയിട്ടുണ്ട്.


പി.എം.എൽ.എ (PMLA) നിയമത്തിലെ സെക്ഷൻ 50 പ്രകാരം ഇ.ഡി രേഖപ്പെടുത്തിയ മൊഴിയിലാണ് ശശിധരൻ കർത്ത കാര്യങ്ങൾ വ്യക്തമാക്കിയത്. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ ആകെ 2.78 കോടി രൂപയാണ് എക്സാലോജിക്കിനും വീണയ്ക്കും നൽകിയത്.


വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപ വീതവും, എക്സാലോജിക് കമ്പനിക്ക് പ്രതിമാസം 3 ലക്ഷം രൂപ വീതവുമാണ് നൽകിയിരുന്നത്.എന്നാൽ, രേഖകളിൽ സാങ്കേതിക സഹായവും ഐ.ടി കൺസൾട്ടൻസിയും നൽകിയതായി കാണിച്ചിട്ടുണ്ടെങ്കിലും പ്രായോഗികമായി യാതൊരുവിധ സേവനങ്ങളും കമ്പനിയോ വീണയോ സി.എം.ആർ.എല്ലിന് നൽകിയിട്ടില്ലെന്ന് കർത്ത സമ്മതിച്ചു.


സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ 134 രേഖകൾ ഇ.ഡിക്ക് കൈമാറിയിരുന്നു. ഇതിന്റെയും കർത്തയുടെ മൊഴിയുടെയും വെളിച്ചത്തിൽ, അനധികൃതമായി സമ്പാദിച്ച ഈ തുക കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇ.ഡി വിലയിരുത്തുന്നത്.

നേരത്തെ തിരുവനന്തപുരത്തെ വീട്ടിലെത്തിയും കൊച്ചിയിലെ ഓഫീസിലേക്ക് വിളിപ്പിച്ചും വീണയെ ഇ.ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെ ബാങ്ക് ലോക്കറുകളും ഫോൺ രേഖകളും പരിശോധിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സേവനം നൽകിയിട്ടുണ്ടെന്ന് വീണ അവകാശപ്പെട്ടിരുന്നെങ്കിലും ഇത് തെളിയിക്കുന്ന കൃത്യമായ രേഖകളോ കണക്കുകളോ ഹാജരാക്കാൻ സാധിച്ചിരുന്നില്ല.


സി.എം.ആർ.എൽ ഡയറക്ടർമാരുടെ മൊഴികളും നിർണ്ണായക രേഖകളും ലഭിച്ചതോടെ വീണ ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലേക്ക് അടുത്ത ദിവസങ്ങളിൽ തന്നെ ഇ.ഡി കടക്കുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories