സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുള്ളത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾക്കും സ്പെഷ്യൽ ക്ലാസുകൾക്കും അവധി ബാധകമാണ്.
ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദത്തിന്റെയും കിഴക്കൻ അറബിക്കടലിനു മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് മഴ കനക്കുന്നത്. വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.