കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പദ്ധതിക്കായി സംസ്ഥാന സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെക്കുക മാത്രമാണ് ചെയ്തതെന്നും സ്കൂളുകളെ തിരഞ്ഞെടുക്കുന്ന തുടർനടപടികളിൽ കേരളം പങ്കാളികളായിട്ടില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി. കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഒരു സ്കൂൾ പോലും ഇതുവരെ പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്ന 47 പി.എം. ശ്രീ സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്.
മുൻ സർക്കാരിന്റെ കാലത്ത് പദ്ധതി നടപ്പിലാക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചുവെങ്കിലും തുടർപ്രവർത്തനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ വിട്ടുനിൽക്കുകയായിരുന്നു. പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിരിക്കുന്നത്.