പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര സർവീസുകളിൽ വലിയ മാറ്റങ്ങൾ വരുത്തി എയർ ഇന്ത്യ. വിമാന ഇന്ധന വില കുതിച്ചുയർന്നതും വ്യോമപാതയിലെ നിയന്ത്രണങ്ങൾ മൂലം സർവീസ് ചെലവ് വർദ്ധിച്ചതുമാണ് നിർണ്ണായക തീരുമാനത്തിന് പിന്നിൽ. ജൂൺ മാസം മുതൽ അടുത്ത മൂന്ന് മാസക്കാലയളവിൽ നൂറോളം സർവീസുകൾ റദ്ദാക്കാനോ വെട്ടിക്കുറയ്ക്കാനോ ആണ് കമ്പനിയുടെ തീരുമാനം.
ഡൽഹിയിൽ നിന്നുള്ള പ്രധാന സർവീസുകളെയാണ് ഈ തീരുമാനം ബാധിക്കുക. ചിക്കാഗോ, നെവാർക്ക്, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ പൂർണ്ണമായും നിർത്തിവെച്ചു. കൂടാതെ സാൻഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്.
യുദ്ധം കാരണം വ്യോമപാതകൾ പലതും അടഞ്ഞുകിടക്കുന്നതും സുരക്ഷാ കാരണങ്ങളാൽ വിമാനങ്ങൾക്ക് ചുറ്റിക്കറങ്ങേണ്ടി വരുന്നതും വൻ സാമ്പത്തിക ബാധ്യതയാണ് എയർലൈനുകൾക്ക് ഉണ്ടാക്കുന്നത്. ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കാനും ചെലവ് നിയന്ത്രിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം. യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്ന അവധിക്കാലത്ത് സർവീസുകൾ റദ്ദാക്കുന്നത് പ്രവാസികൾക്കും വിദേശ യാത്രക്കാർക്കും വലിയ തിരിച്ചടിയായേക്കും.