Share this Article
News Malayalam 24x7
മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്
rain

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്നുണ്ടാകാനിടയുള്ള സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് മുൻകരുതൽ എന്ന നിലയിൽ അവധി നൽകിയിട്ടുള്ളത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ഈ അവധി ബാധകമായിരിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ കാലാവസ്ഥാ സാഹചര്യം വിലയിരുത്തി ഇന്ന് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് (മഞ്ഞ മുന്നറിയിപ്പ്) പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നിലവിലുള്ളത്.


ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.


അനാവശ്യമായ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും, നദികളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങരുതെന്നും ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും ജാഗ്രതാ നിർദ്ദേശങ്ങളും കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories