Share this Article
News Malayalam 24x7
ഖമേനിക്ക് പ്രണാമം അർപ്പിച്ച് ഇറാൻ; ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപയാത്രയ്ക്ക് തുടക്കമായി
State Funeral Procession Begins for Former Iranian Leader Ali Khamenei

ഫെബ്രുവരിയിൽ അമേരിക്ക-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിടവാങ്ങൽ ചടങ്ങുകൾക്ക് തുടക്കമായി. യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം നാല് മാസമായി നീട്ടിവെച്ചിരുന്ന അന്തിമ ചടങ്ങുകളാണ് ടെഹ്‌റാനിലെ ഗ്രാന്റ് മൊസല്ലയിൽ വൻ ജനപങ്കാളിത്തത്തോടെ ആരംഭിച്ചത്. 36 വർഷക്കാലം ഇറാനെ നയിച്ച നേതാവിന്റെ വേർപാടിൽ പ്രണാമമർപ്പിക്കാൻ ലക്ഷക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയത്.

ഖമേനിക്കൊപ്പം ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ മകൾ, മരുമകൻ, 14 മാസം പ്രായമുള്ള ചെറുമകൾ എന്നിവരുടെ ഭൗതികശരീരങ്ങളും മൊസല്ലയിൽ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. പുതിയ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയുടെ പത്നിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.


ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പവിത്ര മാർഗരിറ്റ, ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ സയ്യിദ് അത്താ ഹസ്‌നൈൻ എന്നിവർ ടെഹ്‌റാനിലെത്തി അന്തിമോപചാരം അർപ്പിച്ചു. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി തുടങ്ങിയവരും വിവിധ ഇന്ത്യൻ മതാചാര്യന്മാരും ചടങ്ങുകളിൽ പങ്കെടുത്തു. ഇന്ത്യയ്ക്ക് പുറമെ റഷ്യ, ചൈന, പാകിസ്ഥാൻ തുടങ്ങി ലോകത്തിലെ മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.


ടെഹ്‌റാനിലെ അന്തിമോപചാര ചടങ്ങുകൾക്ക് ശേഷം ഖമേനിയുടെ ഭൗതികശരീരം ഇറാക്കിലെ വിശുദ്ധ നഗരങ്ങളായ നജാഫ്, കർബല എന്നിവടങ്ങളിലേക്കും തുടർന്ന് ഇറാനിലെ ഖോം നഗരത്തിലേക്കും കൊണ്ടുപോകും. ഒടുവിൽ ഖമേനിയുടെ ജന്മദേശമായ മഷ്ഹദിലെ ഇമാം റെസാ പള്ളിക്ക് സമീപമുള്ള ഖബറിടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇതിനായി അഞ്ച് നഗരങ്ങളിലായി നീളുന്ന ഒരാഴ്ചത്തെ വിലാപയാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്.


അനീതിയായി കൊല്ലപ്പെട്ട വ്യക്തിയുടെ രക്തത്തെയും പ്രതികാരത്തെയും സൂചിപ്പിക്കുന്ന 'യാ ഹുസൈൻ' എന്ന് എഴുതിയ കർബലയിലെ ചുവന്ന പതാക ഖമേനിയുടെ ഭൗതികശരീരം അടങ്ങിയ പെട്ടിക്ക് മുകളിൽ വിരിച്ചിട്ടുണ്ട്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള വിലാപചടങ്ങുകളിലൊന്നായിരിക്കും ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories