താരസംഘടനയായ 'അമ്മ'യിലെ (AMMA) ആഭ്യന്തര ഭിന്നതകൾ കൂടുതൽ വഷളാകുന്നു. പ്രസിഡന്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പ്രമുഖ നടിമാർ സംയുക്ത വാർത്താ സമ്മേളനം നടത്തി. നടിമാരായ ഉഷ ഹസീന, അൻസിബ ഹസൻ, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവരാണ് കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട് ശ്വേതയുടെ പാനലിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയത്.
സംഘടനയിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യവും നേതൃത്വവും ഉറപ്പാക്കാൻ കഠിനമായി പോരാടിയവരാണ് തങ്ങളെന്നും, എന്നാൽ ഇതിന്റെ പേരിൽ തങ്ങൾ നാലുപേരും വലിയ രീതിയിലുള്ള വ്യക്തിഹത്യയ്ക്കാണ് ഇരയായതെന്നും നടി ഉഷ ഹസീന ആരോപിച്ചു. ശ്വേതാ മേനോൻ കുറുക്കുവഴികളിലൂടെയാണ് സംഘടനയുടെ നേതൃസ്ഥാനത്തേക്ക് എത്തിയതെന്നും, എന്നിട്ടും തങ്ങളെല്ലാം അവരെ പ്രസിഡന്റായി അംഗീകരിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ രമേഷ് പിഷാരടിയുടെ ഫോൺ കോൾ ഓഡിയോ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ട ശ്വേതയുടെ നടപടി തികച്ചും തെറ്റായ ഒന്നായിരുന്നുവെന്നും നടിമാർ കുറ്റപ്പെടുത്തി.
അതേസമയം, മുൻപ് മോഹൻലാൽ പ്രസിഡന്റ് ആയ കമ്മിറ്റി ഒരു താത്കാലിക (അഡ്ഹോക്) കമ്മിറ്റിയായിട്ടാണ് പ്രവർത്തിച്ചതെന്നും അടിയന്തരമായി ജനറൽ ബോഡി യോഗം ചേരുന്നതിലുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് അന്ന് അത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നതെന്നും നടി അൻസിബ വ്യക്തമാക്കി. സംഘടനയ്ക്കുള്ളിൽ കടുത്ത സാമ്പത്തിക ആരോപണങ്ങൾ നേരിടുന്നവരെ എങ്ങനെ ഇനിയും നേതൃത്വത്തിൽ തുടരാൻ അനുവദിക്കുമെന്നും അൻസിബ ചോദിച്ചു.
ശ്വേതയുടെ നേതൃത്വത്തിലുള്ള നിലവിലെ കമ്മിറ്റിക്ക് ദുരുദ്ദേശങ്ങളുണ്ടെന്നും, ജനറൽ ബോഡി തീരുമാനങ്ങളെ അവർ തകിടം മറിക്കുകയാണെന്നും മാലാ പാർവതി ആരോപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ നിലപാട് വ്യക്തമാക്കി രംഗത്തുവരുന്നതോടെ സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന.