Share this Article
News Malayalam 24x7
പരീക്ഷാ മൂല്യനിർണയ ക്രമക്കേട്; PSC പ്രഖ്യാപിച്ച അന്വേഷണവും വിവാദത്തിൽ
Kerala PSC Exam Inquiry

സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയിലെ വൻ മൂല്യനിർണയ ക്രമക്കേട് അന്വേഷിക്കുന്നതിനുള്ള നടപടികൾ പുതിയ വിവാദത്തിലേക്ക്. പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസിനെക്കൊണ്ട് ക്രമക്കേട് അന്വേഷിപ്പിക്കുമെന്ന മുൻ കമ്മീഷൻ യോഗത്തിന്റെ തീരുമാനം അട്ടിമറിച്ച്, അന്വേഷണ ചുമതല പരീക്ഷാ കൺട്രോളർക്ക് നൽകിയതാണ് വിവാദങ്ങൾക്ക് പുതിയ തിരികൊളുത്തിയത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ നേരിട്ട് ഇടപെടുന്നതിനായി സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്.

ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ആസൂത്രണ ബോർഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്ക് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പെർസ്പെക്റ്റീവ് പ്ലാനിങ്, പ്ലാനിങ് കോ-ഓർഡിനേഷൻ) നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. 100 മാർക്കിന്റെ പരീക്ഷയിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് (ആകെ 58 മാർക്ക്) മൂല്യനിർണയം നടത്താതെയാണ് പിഎസ്‌സി മുൻപ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും നിയമന ശുപാർശ നൽകിയതും. ഉദ്യോഗാർത്ഥികൾ വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പ് കൈപ്പറ്റി പരിശോധിച്ചപ്പോഴാണ് ഈ ക്രമക്കേട് പുറത്തുവന്നത്.


വിവാദമുയർന്നതോടെ പിഎസ്‌സി അടിയന്തര കമ്മീഷൻ യോഗം ചേർന്ന് ഒരു എസ്.പിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വിജിലൻസിന്റെ (Internal Vigilance) അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തീരുമാനം മറികടന്ന് പരീക്ഷാ കൺട്രോളർക്ക് അന്വേഷണ ചുമതല നൽകാൻ പിഎസ്‌സി ചെയർമാൻ നിർദേശിക്കുകയായിരുന്നു. പരീക്ഷാ നടത്തിപ്പിൽ വീഴ്ച സംഭവിച്ച പരീക്ഷാ വിഭാഗത്തിലെ തന്നെ മേധാവി അന്വേഷണം നടത്തുന്നത് സുതാര്യമല്ലെന്നും കൺട്രോളറുടെ അന്വേഷണ പരിധിക്ക് സാങ്കേതികവും നിയമപരവുമായ പരിമിതികളുണ്ടെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.


ഈ പശ്ചാത്തലത്തിലാണ് ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയിലെ ഗുരുതര ക്രമക്കേടിൽ നേരിട്ടുള്ള വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ച് സർക്കാർ അഡ്വക്കേറ്റ് ജനറലുമായി (AG) കൂടിയാലോചന നടത്തുകയും നിയമോപദേശം തേടുകയും ചെയ്തിരിക്കുന്നത്. മൂല്യനിർണയത്തിന് ഉപയോഗിച്ച ഓൺ സ്ക്രീൻ മാർക്കിങ് (OSM) സോഫ്റ്റ്‌വെയറിലെ സുരക്ഷാ പാളിച്ചകളെക്കുറിച്ചും മറ്റും ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ നിയമോപദേശത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories