കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിനെച്ചൊല്ലി പുതിയ വിവാദം പുകയുന്നു. പ്രോസിക്യൂഷൻ അനുമതി നൽകിയ ഔദ്യോഗിക സർക്കാർ ഉത്തരവ് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് തന്നെ പ്രതിയായ ചന്ദ്രശേഖരന് ലഭിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ചന്ദ്രശേഖരൻ തന്നെ ഈ ഉത്തരവ് വായിക്കുകയും അതിന്റെ പകർപ്പുകൾ മാധ്യമങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. കോടതിയെ ഔദ്യോഗികമായി അറിയിക്കുന്നതിന് മുൻപ് എങ്ങനെ പ്രതിക്ക് ഉത്തരവിന്റെ പകർപ്പ് ലഭിച്ചുവെന്ന് ചോദ്യം ചെയ്ത് പരാതിക്കാരനായ കടകംപള്ളി മനോജ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
"ഹൈക്കോടതിയുടെ സമ്മർദവും നിർബന്ധവും കൊണ്ടാണ് വിചാരണയ്ക്ക് അനുമതി നൽകുന്നത്" എന്നാണ് സർക്കാർ ഉത്തരവിലുള്ളത്. ഈ പരാമർശം പ്രതികളെ സഹായിക്കാനാണെന്നും കോടതിയെ അവഹേളിക്കുന്നതാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഉത്തരവിലെ ഈ സാങ്കേതിക പിഴവുകൾ കാരണം, വിവാദ പരാമർശങ്ങൾ നീക്കി പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തിരുത്തിയിറക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അഡ്വക്കേറ്റ് ജനറൽ (AG) കത്തു നൽകിയിട്ടുണ്ട്.
അഴിമതിക്കേസിൽ സിബിഐ വിചാരണ നേരിടാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ ആർ. ചന്ദ്രശേഖരൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് സ്ഥാനം അടിയന്തരമായി രാജിവെക്കണമെന്ന ആവശ്യം സംഘടനയ്ക്കുള്ളിൽ ശക്തമായിരിക്കുകയാണ്. ചന്ദ്രശേഖരനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് അഖിലേന്ത്യാ പ്രസിഡന്റിന് കത്തയച്ചു. ചന്ദ്രശേഖരൻ സംഘടനയെ 'പിണറായി ഐഎൻടിയുസി'യാക്കി മാറ്റിയെന്നും സർക്കാരുമായി രാഷ്ട്രീയ ഒത്തുകളി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ചന്ദ്രശേഖരനെ പിന്തുണച്ച് പ്രമേയം പാസാക്കാനും അദ്ദേഹത്തെ പദവിയിൽ നിലനിർത്താനുമായി അനുകൂല വിഭാഗവും സജീവമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് തൃശൂരിൽ ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതി യോഗം ചേരുന്നുണ്ട്. 2006 മുതൽ 2015 വരെയുള്ള കാലയളവിൽ വിദേശത്തുനിന്ന് ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്തതിലൂടെ കശുവണ്ടി വികസന കോർപ്പറേഷന് കോടികളുടെ നഷ്ടം വരുത്തിവെച്ചു എന്നാണ് സിബിഐ അന്വേഷിക്കുന്ന കേസ്.