മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. പ്രസിഡന്റ് ശ്വേത മേനോനെയും നിലവിലെ ഭരണസമിതിയെയും എതിർക്കുന്ന ഒരു വിഭാഗം ഇന്ന് കൊച്ചിയിൽ അടിയന്തര വാർത്താസമ്മേളനം നടത്തും. നടിമാരായ അൻസിബ ഹസൻ, മാലാ പാർവതി, ഉഷ ഹസീന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാധ്യമങ്ങളെ കാണുന്നത്.
താൻ പ്രസിഡന്റ് പദവി രാജിവയ്ക്കില്ലെന്ന് ശ്വേത മേനോൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ശ്വേത മേനോന് അധികാരക്കൊതിയാണെന്ന് കഴിഞ്ഞ ദിവസം നടി ഉഷ ഹസീന തുറന്നടിച്ചിരുന്നു. സംഘടനയെ ശ്വേത പ്രതിസന്ധിയിലാക്കിയെന്നും ശ്വേത വീണ്ടും വന്നാൽ താനടക്കമുള്ളവർ സംഘടനയിൽ ഉണ്ടാകില്ലെന്നും ഉഷ ഹസീന പ്രതികരിച്ചു. രമേഷ് പിഷാരടിയുമായുള്ള ഫോൺ സംഭാഷണം ശ്വേത ചോർത്തിയത് ക്രിമിനൽ കുറ്റമാണെന്നും ഉഷ ഹസീന ആരോപിച്ചിട്ടുണ്ട്.
അതേസമയം, നടൻ ടിനി ടോം തനിക്കെതിരെ നടത്തിയ സൈബർ അധിക്ഷേപങ്ങൾക്കും വർഗീയ പരാമർശങ്ങൾക്കുമെതിരെ നടി അൻസിബ നൽകിയ പരാതിയിൽ താരം ഇന്ന് എറണാകുളം കോടതിയിൽ മൊഴി നൽകും. ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് എടുത്ത കേസിൽ അൻസിബയുടെ മൊഴി നിർണായകമാകും. തനിക്കെതിരായ വർഗീയ പരാമർശങ്ങളിലും അധിക്ഷേപങ്ങളിലും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നാണ് അൻസിബ വ്യക്തമാക്കിയിട്ടുള്ളത്.
സ്ത്രീകൾക്ക് മുൻഗണന നൽകുമെന്ന ഉറപ്പോടെ കഴിഞ്ഞ തവണ ഭരണത്തിലേറിയ സമിതിയിൽ തന്നെ തുടർച്ചയായുണ്ടാകുന്ന ഭിന്നതകൾ താരസംഘടനയെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. കൂടുതൽ വെളിപ്പെടുത്തലുകളുമായി വാർത്താസമ്മേളനം നടക്കുന്നതോടെ സംഘടനയിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നാണ് സൂചന.