Share this Article
News Malayalam 24x7
വിഴിഞ്ഞം ഓഹരി കൈമാറ്റം; കേരള സർക്കാരുമായി നല്ല ബന്ധം തുടരുമെന്ന് അദാനി പോർട്സ്
Vizhinjam Port

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സംസ്ഥാന സർക്കാരിന് പുതിയ അപേക്ഷ സമർപ്പിച്ച് അദാനി പോർട്സ്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അന്തിമ കരാറിൽ ഒപ്പിടില്ലെന്ന് വ്യക്തമാക്കുന്ന അപേക്ഷയാണ് അദാനി പോർട്സ് നൽകിയിരിക്കുന്നത്. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റ നീക്കങ്ങൾ നടത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് അതൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.

വിഴിഞ്ഞം തുറമുഖ കരാറിലെ ഒരു വ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സി.ഇ.ഒ അശ്വനി ഗുപ്ത വ്യക്തമാക്കി. രാജ്യാന്തര കപ്പൽ കമ്പനിയായ എം.എസ്.സിക്ക് (Mediterranean Shipping Company) 49 ശതമാനം ഓഹരി കൈമാറാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. എന്നാൽ, ഈ പങ്കാളിത്തം വഴി എം.എസ്.സിക്ക് തുറമുഖത്ത് യാതൊരുവിധ പ്രത്യേക അവകാശങ്ങളോ കുത്തകാവകാശമോ ഉണ്ടാകില്ലെന്ന് അദാനി ഗ്രൂപ്പ് വിശദീകരിച്ചു.


സെബിയുടെ (SEBI) നിബന്ധനകൾക്കനുസരിച്ചാണ് ഓഹരി പങ്കാളിത്തം സംബന്ധിച്ച വിവരങ്ങൾ ആദ്യം സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചത്. അതിനുശേഷമേ സർക്കാരിന് അപേക്ഷ നൽകാൻ സാധിക്കൂ എന്നതിനാലാണ് ഔദ്യോഗിക നടപടികൾ വൈകിയതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.


വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ എം.എസ്.സി 13,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പ്രാഥമിക ധാരണയിലെത്തിയിട്ടുള്ളത്. ഇത് രാജ്യത്തെ തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നാണ്. വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം കണക്കിലെടുത്ത് ഈ നിക്ഷേപത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും അനുമതി കൂടി ആവശ്യമുണ്ട്.


ഒരു സ്വകാര്യ കമ്പനിക്ക് കുത്തകാവകാശം നൽകുന്നത് മറ്റ് ഷിപ്പിങ് കമ്പനികളെ വിഴിഞ്ഞത്തേക്ക് എത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആശങ്കകൾക്ക് പുതിയ അപേക്ഷയിലൂടെയും വിശദീകരണക്കുറിപ്പിലൂടെയും വ്യക്തത വരുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories