രാജ്യത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുത്തനെ ഉയർത്തി. നിലവിലുണ്ടായിരുന്ന 6 ശതമാനത്തിൽ നിന്നും 15 ശതമാനമായാണ് തീരുവ വർദ്ധിപ്പിച്ചത്. ഇതോടെ വരും ദിവസങ്ങളിൽ സ്വർണ്ണാഭരണങ്ങളുടെ വിലയിൽ വലിയ വർദ്ധനവുണ്ടാകാനാണ് സാധ്യത.
സ്വർണ്ണത്തിന്റെ ഇറക്കുമതി പരമാവധി കുറച്ച് രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുക, വ്യാപാര കമ്മി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. വിദേശനാണ്യ കരുതൽ ശേഖരം നിലനിർത്തുന്നതിനായി ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.
ലോകത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഉപഭോഗത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇതിനായി രാജ്യം ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. തീരുവ വർദ്ധിപ്പിക്കുന്നത് ഇറക്കുമതി കുറയ്ക്കാൻ സഹായിക്കുമെന്നും ദുർബലമാകുന്ന രൂപയെ പിന്തുണയ്ക്കാൻ ഈ നീക്കം ഉപകരിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.