ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ശക്തമായ ചുഴലിക്കാറ്റിലും പെട്ട് 56 പേർ മരിച്ചതായി റിപ്പോർട്ട്. ശക്തമായ കാറ്റിലും മഴയിലും കെട്ടിടങ്ങൾ തകർന്നു വീണതാണ് മരണസംഖ്യ വർധിപ്പിച്ചത്. പ്രയാഗ്‌രാജ്, പ്രതാപ്ഗഢ്, ഭദോഹി, ഫത്തേപൂർ, ഉന്നാവോ, കാൺപൂർ ദേഹത്, ചൗധൗലി, സോൻഭദ്ര, ബദൗൺ എന്നീ ജില്ലകളിലാണ് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായത്.
ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രയാഗ്‌രാജ് ജില്ലയിലാണ്. ഇവിടെ മാത്രം 16 മരണങ്ങൾ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. കനത്ത കാറ്റിൽ മൊബൈൽ ടവറുകൾക്കും നെറ്റ്‌വർക്കുകൾക്കും തകരാർ സംഭവിച്ചത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ഇരകൾക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ എല്ലാ വകുപ്പുകൾക്കും അദ്ദേഹം നിർദ്ദേശം നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു.