രാജ്യം നടുങ്ങിയ നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി നേതാക്കളടക്കം അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ജയ്പൂർ സ്വദേശികളായ സഹോദരങ്ങൾ ദിനേഷ് ബിവാൽ, മംഗിലാൽ ബിവാൽ എന്നിവരാണ് അറസ്റ്റിലായ ബിജെപി പ്രവർത്തകർ.
ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ഒരു ഡോക്ടറിൽ നിന്നാണ് ഇവർക്ക് ചോദ്യപേപ്പർ ലഭിച്ചതെന്ന് സിബിഐ കണ്ടെത്തി. 15 മുതൽ 30 ലക്ഷം രൂപ വരെ നൽകിയാണ് ഇവർ പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പർ കൈക്കലാക്കിയത്. തുടക്കത്തിൽ സ്വന്തം കുടുംബത്തിലെ കുട്ടികൾക്ക് പരീക്ഷാ വിജയം ഉറപ്പാക്കാനാണ് ചോദ്യപേപ്പർ വാങ്ങിയതെങ്കിലും, പിന്നീട് ഇത് വലിയ ലാഭമുണ്ടാക്കാനുള്ള ബിസിനസ്സാക്കി മാറ്റുകയായിരുന്നുവെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.
മറ്റ് വിദ്യാർത്ഥികൾക്കും ഏജന്റുകൾക്കും ലക്ഷക്കണക്കിന് രൂപയ്ക്ക് ഇവർ ചോദ്യപേപ്പർ മറിച്ചുവിറ്റു. രാജസ്ഥാനിലെ സിക്കർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു തട്ടിപ്പ് സംഘമാണ് ഈ ക്രമക്കേടിന് പിന്നിലെന്നാണ് സിബിഐയുടെ പ്രാഥമിക വിലയിരുത്തൽ. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുന്ന സിബിഐ, വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന സൂചനയും നൽകിയിട്ടുണ്ട്.