Share this Article
News Malayalam 24x7
ഹോര്‍മുസ് കടലിടുക്ക് കടന്ന് എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തി
LPG Tanker MT Symi Reaches India via Strait of Hormuz

പശ്ചിമേഷ്യയിൽ തുടരുന്ന കടുത്ത സംഘർഷങ്ങൾക്കിടയിലും നിർണായകമായ ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് എണ്ണക്കപ്പൽ ഇന്ത്യയിലെത്തി. മാർഷൽ ദ്വീപുകളുടെ പതാകയേന്തിയ 'എം.ടി സിമി' (MT SYMI) എന്ന ടാങ്കറാണ് ഗുജറാത്തിലെ കണ്ട്ലയിലുള്ള ദീൻദയാൽ തുറമുഖത്ത് വിജയകരമായി നങ്കൂരമിട്ടത്.

ഏകദേശം 20,000 ടൺ പാചകവാതകവുമായാണ് (LPG) കപ്പൽ ഇന്ത്യയിലെത്തിയത്. ഖത്തറിലെ റാസ് ലഫാൻ ടെർമിനലിൽ നിന്നാണ് കപ്പൽ യാത്ര തിരിച്ചത്. മെയ് 13-നാണ് കപ്പൽ അപകടസാധ്യതയേറിയ ഹോർമുസ് കടലിടുക്ക് കടന്നത്. ഉക്രൈൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 21 ജീവനക്കാരാണ് കപ്പലിലുള്ളത്.


മറ്റൊരു കപ്പലായ 'എൻ.വി സൺഷൈൻ' (NV Sunshine) വ്യാഴാഴ്ച ഹോർമുസ് കടലിടുക്ക് കടന്നിട്ടുണ്ട്. ഈ കപ്പൽ മെയ് 18-ഓടെ ന്യൂ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് ശേഷം ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലെത്തുന്ന കപ്പലുകളുടെ എണ്ണം ഇതോടെ 13 ആയി ഉയർന്നു. ഇതിൽ 12 എൽപിജി ടാങ്കറുകളും ഒരു ക്രൂഡ് ഓയിൽ ടാങ്കറുമാണ് ഉൾപ്പെടുന്നത്.

രാജ്യത്തെ നിലവിലെ ഇന്ധന പ്രതിസന്ധികൾക്ക് പരിഹാരമാകാൻ ഈ കപ്പലുകളുടെ വരവ് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും സംഘർഷങ്ങളും ആഗോള എണ്ണ വിപണിയെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നീക്കം ഏറെ ആശ്വാസകരമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories