Share this Article
News Malayalam 24x7
ഇന്ധന വില വീണ്ടും കൂട്ടി; കൂട്ടിയത് 90 പൈസ വീതം
 Petrol and Diesel Rates Increased by 90 Paise

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ വീതമാണ് ഇന്ന് വർധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധന കമ്പനികൾ വില വർധിപ്പിക്കുന്നത്. ഇതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റുകൾ താളംതെറ്റുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

പുതിയ വർധനയോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 109.60 രൂപയായി. ഡീസലിന് 98.45 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ധനവിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയിരുന്നു. അന്ന് ലിറ്ററിന് 3.04 രൂപയാണ് വർധിപ്പിച്ചത്.


അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യമാണ് എണ്ണവില വർധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


ഏകദേശം രണ്ട് മാസത്തോളം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ധനവില ഇപ്പോൾ വീണ്ടും വർധിച്ചു തുടങ്ങിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ 50 ശതമാനത്തിലധികം വർധനവുണ്ടായ സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇന്ധനവില വർധനവ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories