Share this Article
News Malayalam 24x7
നീറ്റ് പരീക്ഷ ക്രമക്കേട്; രാജ്യവ്യാപകമായി അന്വേഷണം ഊര്‍ജ്ജിതമാക്കി CBI
NEET Irregularities Probe

നീറ്റ്-യുജി പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി അന്വേഷണം ശക്തമാക്കി സിബിഐ. മഹാരാഷ്ട്രയിലെ ലാതൂരിൽ നിന്ന് ആർസിസി (RCC) കോച്ചിംഗ് സെന്റർ സ്ഥാപകൻ ശിവരാജ് മോട്ഗാവക്കറെ സിബിഐ അറസ്റ്റ് ചെയ്തു. പരീക്ഷാ അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇയാൾക്ക് പ്രധാന പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തൽ.

കേസിലെ മുഖ്യപ്രതിയായ പി.വി കുൽക്കർണിയുമായി ശിവരാജിന് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് നടപടി ഉണ്ടായത്. ചോദ്യപേപ്പർ ചോർച്ചയുമായും വിദ്യാർത്ഥികൾക്ക് അനധികൃതമായി സഹായം എത്തിച്ചതുമായും ബന്ധപ്പെട്ട് ശിവരാജിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.


ചോദ്യപേപ്പർ വാങ്ങിയെന്ന് സംശയിക്കുന്ന വിദ്യാർത്ഥികളുടെയും ഇടനിലക്കാരുടെയും വീടുകൾ കേന്ദ്രീകരിച്ച് സിബിഐ റെയ്ഡ് തുടരുകയാണ്. ഇതിനകം തന്നെ പത്തോളം പേരെ ഈ കേസിൽ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്ത്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.


പരീക്ഷാ ക്രമക്കേടിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പങ്കുണ്ടോയെന്നും ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടോയെന്നും സിബിഐ പരിശോധിച്ച് വരികയാണ്. പിടിയിലായ പ്രതികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സിബിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തെ പ്രമുഖ മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസി ഈ കേസ് കൈകാര്യം ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories