Share this Article
News Malayalam 24x7
മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ കൊല്ലാം, ഉത്തരവ് കര്‍ശനമായി നടപ്പാക്കണം; സുപ്രീംകോടതി
Supreme Court Issues Strict Guidelines on Stray Dog

തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന മുൻ ഉത്തരവിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിലുള്ളതും നിയന്ത്രിക്കാൻ കഴിയാത്തതുമായ അപകടകാരികളായ നായ്ക്കളെ നിയമപരമായ രീതിയിൽ കൊല്ലാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൃഗങ്ങളേക്കാൾ പ്രാധാന്യം മനുഷ്യജീവനൊണെന്ന് നിരീക്ഷിച്ച കോടതി ഏഴ് പ്രധാന മാർഗ്ഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്.

ഇന്ത്യൻ മൃഗക്ഷേമ ബോർഡ് പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങൾ അതത് സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ സ്ഥാപനങ്ങളും ഉടനടി നടപ്പിലാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഓരോ ജില്ലയിലും കുറഞ്ഞത് ഒരു വന്ധ്യംകരണ (എബിസി) കേന്ദ്രമെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കണം. നായശല്യം രൂക്ഷമായ നഗരങ്ങളിൽ ഇത്തരം കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ആന്റി റാബിസ് വാക്സിനുകളുടെയും ഇമ്മ്യൂണോഗ്ലോബുലിനുകളുടെയും മതിയായ ലഭ്യത സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.


തെരുവുനായ്ക്കളുടെ ഭീഷണി ഒഴിവാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് മൃഗസ്നേഹികളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധങ്ങളിൽ നിന്ന് സംരക്ഷണം നൽകണമെന്നും വിധിയിൽ പറയുന്നു. നായ്ക്കളെ വന്ധ്യംകരണത്തിന് ശേഷം പൊതുവിടങ്ങളിൽ തുറന്നുവിടുന്നതിന് പകരം സുരക്ഷിതമായ ഷെൽട്ടറുകളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണം. സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അതത് ഹൈക്കോടതികൾക്ക് സ്വമേധയാ കേസ് എടുക്കാവുന്നതാണെന്നും വിധിയിൽ വ്യക്തമാക്കുന്നു.


തെരുവുനായ്ക്കൾക്ക് പുറമെ ദേശീയപാതകളിൽ കന്നുകാലികൾ അലഞ്ഞുതിരിയുന്നത് തടയാൻ ദേശീയപാത അതോറിറ്റിക്കും കോടതി നിർദ്ദേശം നൽകി. കഴിഞ്ഞ നവംബറിലെ ഉത്തരവിനെതിരെയാണ് മൃഗസ്നേഹികൾ കോടതിയെ സമീപിച്ചിരുന്നത്. നായ്ക്കളെ പിടികൂടി തടങ്കലിൽ വെക്കാൻ പാടില്ലെന്നും വന്ധ്യംകരണത്തിന് ശേഷം പിടിച്ചിടത്ത് തന്നെ വിടണമെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. നിർദ്ദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories