ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെ റോമിലെത്തി. യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്. റോമിലെത്തിയ പ്രധാനമന്ത്രിയെ ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനി വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്രമോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയാണ് ഈ സന്ദർശനത്തിലെ പ്രധാന അജണ്ട. 'ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് ഇക്കണോമിക് കോറിഡോർ' കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും 2025-29 കാലഘട്ടത്തിലേക്കുള്ള തന്ത്രപ്രധാന കർമ്മ പദ്ധതിയെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച നടത്തും.
പ്രതിരോധം, പുനരുപയോഗ ഊർജ്ജം, ക്ലീൻ ടെക്നോളജി, ബഹിരാകാശം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ചർച്ചകളിൽ ധാരണയാകും. 2029-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 20 ബില്യൺ ഡോളറിൽ എത്തിക്കുക എന്നതാണ് ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു അധ്യായം തുറക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.