ഇറാനെതിരെ കടുത്ത സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ഇപ്പോൾ നടക്കുന്നത് അവസാനഘട്ട ചർച്ചകളാണെന്നും, യു.എസ് മുന്നോട്ട് വെച്ച കരാറിൽ ഒപ്പിടാൻ അവർ വിസമ്മതിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെ തകർക്കാൻ തങ്ങൾക്ക് ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ സൈനിക താവളമായ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇറാനുമായി ഇപ്പോൾ അവസാനഘട്ട ചർച്ചകളാണ് നടക്കുന്നത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം. ഒന്നുകിൽ അവർക്ക് അനുകൂലമായ ഒരു കരാർ ലഭിക്കും, അല്ലെങ്കിൽ ഞങ്ങൾക്ക് ചില മോശം കാര്യങ്ങൾ (ശക്തമായ നടപടികൾ) ചെയ്യേണ്ടി വരും." - ട്രംപ് പറഞ്ഞു. എന്നാൽ അത്തരമൊരു കടുത്ത സാഹചര്യം ഉണ്ടാകില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് കരാർ ഒപ്പിടാൻ ഇറാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സൈനിക നടപടികളിലേക്ക് ഉൾപ്പെടെ കടക്കുമെന്ന കടുത്ത സൂചനയാണ് അമേരിക്കൻ പ്രസിഡന്റ് നൽകിയിരിക്കുന്നത്. പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സംഘർഷം മുറുകുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രസ്താവന.