മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജിക്ക് (NEET UG) പ്രായപരിധിയും പരീക്ഷ എഴുതാവുന്ന അവസരങ്ങളുടെ എണ്ണവും പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് ഈ ശുപാർശ ഉയർന്നത്.
നിലവിൽ നീറ്റ് പരീക്ഷ എഴുതുന്നതിനായി യാതൊരുവിധ ഉയർന്ന പ്രായപരിധിയോ പരീക്ഷ എഴുതാവുന്ന തവണകളുടെ എണ്ണത്തിലോ നിയന്ത്രണമോ ഇല്ല. പരീക്ഷ എഴുതാൻ കുറഞ്ഞത് 17 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നത് മാത്രമാണ് നിലവിലുള്ള ഏക നിയന്ത്രണം. എന്നാൽ ഇതിൽ മാറ്റം വരുത്തിക്കൊണ്ട് ഉയർന്ന പ്രായപരിധിയും നിശ്ചിത തവണകൾ മാത്രമായി അവസരങ്ങളും പരിമിതപ്പെടുത്താനാണ് പുതിയ തീരുമാനം. വരും ദിവസങ്ങളിൽ നടക്കുന്ന വിശദമായ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും പ്രായപരിധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക.
അടുത്ത വർഷം മുതൽ നീറ്റ് യു.ജി പരീക്ഷ ഡിജിറ്റൽ ഫോർമാറ്റിലേക്ക് (ഓൺലൈൻ) മാറ്റുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പരീക്ഷാ നടത്തിപ്പിൽ വലിയ വീഴ്ച പറ്റിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പാർലമെന്ററി സമിതിക്ക് മുൻപിൽ സമ്മതിച്ചു. പരീക്ഷാ നടത്തിപ്പിൽ ഉണ്ടായ വീഴ്ചകളിലും തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചകളിലും പാർലമെന്ററി സമിതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.