രാജ്യത്തെ റെയിൽ യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി തീവണ്ടികളിൽ എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി റെയിൽവേ. റെയിൽ ഭവനിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സുരക്ഷാ യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്.
സമീപകാലത്തായി ട്രെയിനുകളിലുണ്ടാകുന്ന തീപിടുത്തങ്ങളും സാമൂഹ്യവിരുദ്ധരുടെ ശല്യവും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ സുരക്ഷാ മുൻകരുതൽ. ഇന്റലിജൻസ് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനും ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ ക്രമീകരണങ്ങൾ വികസിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനായി റെയിൽവേ ശൃംഖലയിലുടനീളം സി.സി.ടി.വി കവറേജ് വ്യാപിപ്പിക്കും. കൂടാതെ റെയിൽവേ ബോർഡ് ആസ്ഥാനവും ഫീൽഡ് സോണുകളും തമ്മിലുള്ള സുരക്ഷാ ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ നിർദ്ദേശം ഉയർന്നു.
എ.ഐ ക്യാമറകളുടെ സഹായത്തോടെ ട്രെയിനുകളിലെ അസ്വാഭാവികമായ സാഹചര്യങ്ങളും നിയമലംഘനങ്ങളും വേഗത്തിൽ കണ്ടെത്താനും അതിലൂടെ വൻ അപകടങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.