കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങി 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ. പരോളിലിറങ്ങിയ ശേഷം 12 വർഷക്കാലം പൊലീസിനെ വെട്ടിച്ച് മുംബൈയിൽ ഒളിവിൽ കഴിയുകയും ബോളിവുഡ് സിനിമകളിൽ നടനായി പ്രവർത്തിക്കുകയും ചെയ്ത ഹേമന്ത് മോദിയാണ് അറസ്റ്റിലായത്.
2005-ൽ നരോദയിൽ ലഷൻ കാംബ്ലെ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഹേമന്ത് ശിക്ഷിക്കപ്പെട്ടത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തുടർന്ന് മഹസാന ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ 2014-ലാണ് ഇയാൾക്ക് പരോൾ ലഭിച്ചത്. പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
മുംബൈയിലെത്തിയ ഹേമന്ത് പേര് മാറ്റുകയും സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ തുടങ്ങുകയും ചെയ്തു. പിന്നീട് അമീർ ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയ സൂപ്പർ താരങ്ങളുടെ സിനിമകളിൽ വരെ ഇയാൾ വേഷമിട്ടു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ 'എമ്പുരാനിലും' ഇയാൾ വേഷമിട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.മുംബൈയിൽ വെച്ച് ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹേമന്ത് മോദിയെ തുടർനടപടികൾക്കായി മഹസാന ജയിലിലേക്ക് മാറ്റും.