പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിലൊരാളായ അൽ ബദർ കമാൻഡർ ഹംസ ബുർഹാൻ പാകിസ്താനിൽ വെടിയേറ്റു കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ നടന്ന കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അർജുമന്ദ് ഗുൽസാർ ദാർ, 'ഡോക്ടർ' എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു.
പുൽവാമ ആക്രമണത്തിന് ശേഷം ഇയാൾ പാക് അധിനിവേശ കശ്മീരിലേക്ക് കടക്കുകയും അവിടെ ഒരു അധ്യാപകനായി ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുകയുമായിരുന്നു. ഒരു സ്വകാര്യ കോളേജിൽ പ്രിൻസിപ്പലായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. വ്യാഴാഴ്ച രാവിലെ കോളേജിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് അജ്ഞാതരായ അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർത്തത്.
അക്രമികൾ ബുർഹാന് നേരെ നിരവധി തവണ വെടിവെച്ചു. തലയ്ക്ക് മൂന്ന് തവണ വെടിയേറ്റ ഇയാളെ അതീവ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിലാക്കുകയും ചെയ്തെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീരിൽ തുടർച്ചയായി നടത്തിവന്ന ഭീകരപ്രവർത്തനങ്ങളിൽ ഇയാൾക്കുള്ള പങ്കാളിത്തം മുൻനിർത്തി, 2022 ഏപ്രിലിൽ ഇയാളെ ഇന്ത്യ സർക്കാർ ഔദ്യോഗികമായി ഭീകരനായി പ്രഖ്യാപിച്ചിരുന്നു.