'കോക്രോച്ച് ജനതാ പാർട്ടി'യെ (സി.ജെ.പി) ചൊല്ലിയുള്ള വിവാദങ്ങൾ രാജ്യത്ത് കൊഴുക്കുന്നതിനിടെ, കൂട്ടായ്മയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് വിലക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഈ അക്കൗണ്ടിലൂടെ രാജ്യത്തെ യുവാക്കളെ സംഘടിപ്പിക്കാൻ എന്തെങ്കിലും തരത്തിലുള്ള ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പിന്തുണയാണ് കോക്രോച്ച് ജനതാ പാർട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം ഇതിനോടകം രണ്ട് കോടി കടന്നിട്ടുണ്ട്.
അതിനിടെ, കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് രംഗത്തെത്തിയ കോൺഗ്രസ് എം.പി ശശി തരൂരിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രംഗത്തെത്തി. രാജ്യത്ത് കോൺഗ്രസിന് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ലാതായോ എന്ന് ജയശങ്കർ ചോദിച്ചു. നിലവിലെ സർക്കാരിനോട് വിയോജിപ്പുള്ളവർ പോലും കോൺഗ്രസ് കൊള്ളില്ലെന്ന് മനസ്സിലാക്കുന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, കോക്രോച്ച് ജനതാ പാർട്ടിയെ ഒരു രാഷ്ട്രീയ മുന്നണിയാക്കി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഇതിന്റെ സ്ഥാപകൻ അഭിജിത് ദീപ്‌കെ വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അഭിജിത് ആരോപിച്ചു.