രാജ്യത്ത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കിക്കൊണ്ട് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് പുതിയതായി വർദ്ധിപ്പിച്ചത്. പത്ത് ദിവസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത്.
ഈ മാസം മെയ് 15-നും 19-നുമാണ് ഇതിനു മുൻപ് വില വർദ്ധിപ്പിച്ചത്. മെയ് 15-ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതമാണ് വർദ്ധിപ്പിച്ചിരുന്നത്. തുടർന്ന് മെയ് 19-ന് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും വർദ്ധിപ്പിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ ഇന്ധന പ്രതിസന്ധിയാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. പ്രതിസന്ധി ഇനിയും തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും ഇന്ധനവില വീണ്ടും വർദ്ധിക്കാനാണ് സാധ്യതയെന്ന് ഈ മേഖലയിലുള്ളവർ വിലയിരുത്തുന്നു. തുടർച്ചയായ വിലവർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിതെളിക്കുമെന്ന ആശങ്കയിലാണ് പൊതുജനങ്ങൾ.