റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ഭാഗമായി റഷ്യൻ സൈന്യത്തിൽ ചേർന്ന 217 ഇന്ത്യൻ പൗരന്മാരിൽ 49 പേർ ഇതുവരെ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചത്.
ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ നയതന്ത്ര ചർച്ചകളുടെ ഫലമായി 139 ഇന്ത്യൻ പൗരന്മാരെ ഇതിനോടകം മോചിപ്പിച്ച് സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ റഷ്യൻ സേനയുടെ ഭാഗമായ ആറ് ഇന്ത്യൻ പൗരന്മാരെ നിലവിൽ കാണാതായിരിക്കുകയാണ്. കൂടാതെ റഷ്യൻ സൈന്യത്തിലുള്ള മറ്റ് 23 പേരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നും കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ആകർഷകമായ ശമ്പളവും മറ്റ് തൊഴിൽ വാഗ്ദാനങ്ങളും നൽകി ഇന്ത്യൻ പൗരന്മാരെ വഞ്ചനാപരമായി റഷ്യയിലെത്തിച്ച് യുദ്ധമുഖത്തേക്ക് തള്ളിവിടുന്ന അനധികൃത റിക്രൂട്ട്മെന്റ് ശൃംഖലകൾക്കെതിരെയും മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെയും ശക്തമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.