ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഈ രാജ്യങ്ങളിൽ നിലവിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ പ്രാദേശിക അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
എബോള രോഗബാധ ഇന്ത്യയിലേക്ക് പടരാതിരിക്കാൻ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾക്ക് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS) അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധിത രാജ്യങ്ങളിൽ നിന്നോ അവിടെനിന്നുള്ള കണക്റ്റിങ് ഫ്ലൈറ്റുകൾ വഴിയോ എത്തുന്ന യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ പ്രത്യേക ആരോഗ്യ പരിശോധനകളും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തും. കൂടാതെ, ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർ 21 ദിവസം നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ (Self-Isolation) കഴിയണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്.
എബോള വ്യാപനം ആഗോളതലത്തിൽ ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഈ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. രോഗബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവർ വ്യക്തിശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്നും എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനടി ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലുൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.