സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (സി.ജെ.പി) ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വിജയകരമായി വീണ്ടെടുത്തു. കഴിഞ്ഞ ദിവസം അജ്ഞാതർ ഹാക്ക് ചെയ്ത അക്കൗണ്ടിലേക്കുള്ള ആക്സസ് പൂർണ്ണമായും തിരിച്ചുപിടിച്ചതായി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ അറിയിച്ചു. നിലവിൽ 22.4 ദശലക്ഷം (22.4 Million) ഫോളോവേഴ്സാണ് സി.ജെ.പിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനുള്ളത്.
സി.ജെ.പിക്കെതിരെ കൂടുതൽ നിയന്ത്രണങ്ങളും നടപടികളുമായി അധികൃതർ രംഗത്തുവരുന്ന സാഹചര്യത്തിലാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്ന സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം സി.ജെ.പിയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് അധികൃതർ നീക്കം ചെയ്തിരുന്നു. ഇതിന് പകരമായി പുതിയ അക്കൗണ്ട് സി.ജെ.പി എക്സിൽ ആരംഭിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പിന്തുണയുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ടുകൾക്കെതിരെയുള്ള നടപടികൾക്കെതിരെ രാഷ്ട്രീയ നേതാക്കൾ അടക്കം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്ര സർക്കാർ നടപടിയെ വിമർശിക്കുകയും ചെയ്തിരുന്നു. എന്തായാലും ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് തിരികെ ലഭിച്ചത് പാർട്ടിയുടെ അണികളിലും അനുഭാവികളിലും വലിയ ആശ്വാസം ഉണ്ടാക്കിയിട്ടുണ്ട്.