Share this Article
News Malayalam 24x7
ജമ്മു കശ്മീരിൽ വൻ ആയുധശേഖരവുമായി ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാസേന വളഞ്ഞു
 Security Forces Cordon Off Armed Suspects in Rajouri District

ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ വൻ ആയുധശേഖരവുമായി ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാസേന വളഞ്ഞു. രജൗരി ജില്ലയിലെ പിർപഞ്ചൽ ബെൽറ്റിലുള്ള ഗംഭീർ മുഗ്ലാൻ വനമേഖലയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ആർമിയും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്.

മേഖലയിൽ ഭീകരർ ആയുധങ്ങളുമായി ഒളിച്ചിരിപ്പുണ്ടെന്ന കൃത്യമായ വിവരത്തെ തുടർന്നാണ് സുരക്ഷാസേന പ്രദേശം വളഞ്ഞത്. ദുർഘടമായ പർവ്വത പ്രദേശമായതിനാൽ ഭീകരർ രക്ഷപ്പെടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കനത്ത സുരക്ഷാ വലയമാണ് സൈന്യം ഇവിടെ തീർത്തിരിക്കുന്നത്. ഭീകരർ രക്ഷപ്പെടാതിരിക്കാൻ കൂടുതൽ സൈനികരെ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ടെന്നും വനമേഖലയിലേക്കുള്ള എല്ലാ വഴികളും അടച്ചതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.


മേഖലയിൽ ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്. സംയുക്ത സേനയുടെ ശക്തമായ കാവലിലാണ് പ്രദേശം. ഭീകരരെ ജീവനോടെ പിടികൂടാനോ വധിക്കാനോ ഉള്ള തീവ്രശ്രമത്തിലാണ് സുരക്ഷാസേനയെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. പ്രദേശവാസികളോട് വീടുകളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article