Share this Article
News Malayalam 24x7
ഇറാനുമായുള്ള സമാധാനക്കാരാര്‍ അന്തിമ ഘട്ടത്തിൽ
Trump

ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലാണെന്ന അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം തള്ളി ഇറാൻ. കരാർ സംബന്ധിച്ച ഭൂരിഭാഗം ചർച്ചകളും പൂർത്തിയായതായും ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. എന്നാൽ സ്വന്തം പരമാധികാരത്തിലും അവകാശങ്ങളിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ അധികൃതർ.

തൻ്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം പങ്കുവെച്ചത്. സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, തുർക്കി, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി താൻ ചർച്ച നടത്തിയതായും അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളിൽ ഏകദേശ ധാരണയായതായും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യവും ഈ കരാറിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു.


എന്നാൽ, അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങൾക്ക് തങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. അതോടൊപ്പം, രാജ്യത്തിൻ്റെ കൈവശമുള്ള ആണവ സാമഗ്രികളും യുറേനിയം ശേഖരവും കൈമാറണമെന്ന അമേരിക്കയുടെ നിർദ്ദേശം തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥകളെ ചൊല്ലിയുള്ള തർക്കങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.


അതിനിടെ, പ്രാദേശിക നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ ടെഹ്‌റാനിലെത്തി ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര സമൂഹം ഈ ചർച്ചകളെ ഏറെ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories