അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ വൈകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി തിരക്കിട്ടൊരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, ഇരുപക്ഷവും മതിയായ സമയമെടുത്ത് പിഴവുകളില്ലാത്ത കൃത്യമായ കരാറിലെത്തുകയാണ് വേണ്ടതെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ പ്രതിനിധി സംഘത്തിന് ട്രംപ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്.
ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും സുപ്രധാന വിഷയങ്ങളിൽ ഇനിയും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. ഇറാനെ യാതൊരു കാരണവശാലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിൽ തന്നെയാണ് അമേരിക്കയുള്ളത്. ഇറാന് മേലുള്ള നാവിക ഉപരോധത്തിൽ ഇളവ് നൽകാൻ യു.എസ് ഇതുവരെ തയ്യാറായിട്ടുമില്ല.
അതേസമയം, അമേരിക്ക നാവിക ഉപരോധം പിൻവലിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള അനൗദ്യോഗിക ചർച്ചകൾ തുടരുന്നതിനിടയിലാണ് ഈ നയതന്ത്ര പ്രതിസന്ധി. ഹോർമുസ് തുറക്കുമെന്ന വാർത്തകൾക്കിടയിലും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വലിയ തോതിൽ ഇടിഞ്ഞു. ക്രൂഡ് ഓയിൽ വിലയിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. നിലവിൽ ക്രൂഡ് ഓയിൽ ബാരലിന് 91 ഡോളറും ബ്രെന്റ് ക്രൂഡിന് 98 ഡോളറുമാണ് അന്താരാഷ്ട്ര വിപണിയിലെ ഇന്നത്തെ നിരക്ക്.