പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്ക് അയവുവരുത്തി ഇറാൻ - അമേരിക്ക വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാകാൻ പോകുന്നതായി സൂചന. 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഇരുപക്ഷവും.
ചില നിർണായക വിഷയങ്ങളിൽ കൂടി കൃത്യമായ തീരുമാനമാകാനുണ്ടെന്നും എന്നാൽ കരാറിന്റെ തൊട്ടരികിലാണെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രതികരിച്ചു. ട്രംപിന്റെ അനുമതി കൂടി ലഭിച്ചാൽ മാത്രമേ കരാർ ഔദ്യോഗികമായി പ്രാബല്യത്തിൽ വരികയുള്ളൂ.
കരാർ നടപ്പിലാകുന്നതോടെ ഹോർമുസ് കടലിടുക്ക് തുറക്കാനും ആഗോളതലത്തിലെ ഇന്ധന പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാകാനും സാധ്യതയുണ്ട്. കൂടാതെ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധങ്ങൾ പിൻവലിക്കുന്നതിനും ഇറാൻ്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുന്നതിനും ഈ കരാർ വഴിയൊരുക്കിയേക്കും. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്കും കുവൈറ്റിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്കും പിന്നാലെയാണ് സമാധാന ചർച്ചകൾ സജീവമായിരിക്കുന്നത്.