ഇറാനുമായുള്ള വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ രംഗത്ത്. ആണവശേഖരം ഇറാൻ നശിപ്പിക്കുമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെന്ന ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി.
ആണവായുധങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഈ ഘട്ടത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും ആണവ വിഷയം നിലവിൽ ചർച്ചാവിഷയമേ അല്ലെന്നും ഇറാൻ കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്നാണ് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഫാർസ്' ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, വെടിനിർത്തൽ നീട്ടുന്നതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വെടിനിർത്തൽ കാലാവസ്ഥ 60 ദിവസത്തേക്ക് കൂടി നീട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ പുരോഗമിക്കുകയാണ്.