Share this Article
News Malayalam 24x7
മമതയ്ക്ക് വൻ തിരിച്ചടി; ബംഗാളിൽ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്
വെബ് ടീം
1 hours 20 Minutes Ago
1 min read
ritabrata banerjee

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പൂർണ്ണമായും പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട്  മമതാ ബാനർജിയുടെ ഏകപക്ഷീയമായ നേതൃത്വത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ തൃണമൂലിന്റെ നിയമസഭാകക്ഷി നേതാവായി സ്പീക്കർ അംഗീകരിച്ചു.

തനിക്ക് 58 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ഋതബ്രത ബുധനാഴ്ച സ്പീക്കർ രഥീന്ദ്ര ബോസിനു കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഋതബ്രതയെ സ്പീക്കർ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത്.  ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമത എംഎൽഎ സന്ദീപൻ സാഹയും മറ്റു വിമതരും ചേർന്ന് സ്പീക്കറെ നേരിൽ കണ്ട് 58 എംഎൽഎമാരുടെ പിന്തുണാ കത്തുകൾ കൈമാറി. പുതിയ നേതൃസംഘത്തെയും അവർ നിർദേശിച്ചു. ഇതനുസരിച്ച് നിയമസഭാ കക്ഷി നേതാവ്: ഋതബ്രത ബാനർജി, ഉപനേതാക്കൾ: ജാവേദ് ഖാൻ, സന്ദീപൻ സാഹ, ശ്യൂളി സാഹ, ചീഫ് വിപ്പ്: രഘുനാഥ്ഗഞ്ച് എംഎൽഎ അഖ്റുസമാൻ എന്നിവരാണ്.

കൂറുമാറ്റ നിരോധന നിയമപ്രകാരം പാർട്ടിയിൽനിന്നു പിരിഞ്ഞുപോകുന്ന വിഭാഗത്തിന് അയോഗ്യത ഒഴിവാക്കാൻ നിയമസഭാ കക്ഷിയുടെ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. നിയമസഭയിൽ ടിഎംസിക്ക് 80 എംഎൽഎമാരുള്ളതിനാൽ ആ പരിധി 54 ആണ്. 58 പേരുടെ പിന്തുണയുമായി വിമത പക്ഷം ആ പരിധി കടന്നു. ഇവരുടെ അവകാശവാദം സ്പീക്കർ അംഗീകരിച്ചാൽ നിയമസഭയിൽ പ്രത്യേക വിഭാഗമായി അംഗീകാരം ലഭിക്കും.സ്പീക്കർക്കു നൽകിയ കത്തിൽ മമത ബാനർജിയെ പാർട്ടിയുടെ ചെയർപഴ്സൻ ആയി മാത്രം വിശേഷിപ്പിച്ചതു ശ്രദ്ധേയമായി. നിയമസഭാ കക്ഷി നേതൃത്വത്തിനെതിരെയാണു പോരാട്ടം, മമതയ്ക്കെതിരെയല്ല എന്ന സന്ദേശം നൽകാനുള്ള ശ്രമമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. വിമത പക്ഷം അഭിഷേക് ബാനർജിയുടെ അധികാരവും അംഗീകരിക്കുന്നില്ലെന്നു വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories