സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ചെലവുകൾ കടുപ്പിച്ച് ധനകാര്യവകുപ്പ്. അനാവശ്യ ചെലവുകൾ ഒഴിവാക്കാനും ചെലവ് ചുരുക്കാനും നിർദേശിച്ച് എല്ലാ സർക്കാർ വകുപ്പുകൾക്കും ധനകാര്യവകുപ്പ് സർക്കുലർ അയച്ചു.
നടപ്പു സാമ്പത്തിക വർഷത്തിലെ പരിഷ്കരിച്ച കണക്കുകൾ ബജറ്റിൽ ഓരോ വകുപ്പിനും വകയിരുത്തിയ തുകയേക്കാൾ യാതൊരു കാരണവശാലും കൂടരുതെന്ന് സർക്കുലറിൽ കർശനമായി പറയുന്നു. ചെലവ് വർധിപ്പിക്കുന്ന തരത്തിലുള്ള പുതിയ പദ്ധതികൾ ഒഴിവാക്കണമെന്നും സാമ്പത്തിക ലാഭമില്ലാത്തതോ ഫലപ്രദമല്ലാത്തതോ ആയ പദ്ധതികൾ നിർത്തിവെക്കണമെന്നുമാണ് ധനകാര്യവകുപ്പിന്റെ നിർദേശം.
എന്നിരുന്നാലും, ഒഴിവാക്കുന്ന പദ്ധതികളിലെ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്നും അവരെ മറ്റ് വകുപ്പുകളിലേക്കോ പദ്ധതികളിലേക്കോ പുനർവിന്യസിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ധനകാര്യവകുപ്പിന്റെ ഈ കടുത്ത നടപടി.