സംസ്ഥാനത്ത് തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദ്ദേശങ്ങൾ നടപ്പാക്കാൻ കേരള സർക്കാർ നടപടികൾ ആരംഭിച്ചു. ഇതിനായി പ്രാഥമിക പ്രോട്ടോക്കോൾ തയ്യാറാക്കി കഴിഞ്ഞു. അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം നടത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനാണ് സർക്കാർ ഒരുങ്ങുന്നത്.
തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഇതിനായി പ്രത്യേക സമിതികൾ രൂപീകരിക്കും. അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യണോ എന്ന കാര്യത്തിൽ ഈ സമിതികളായിരിക്കും തീരുമാനം എടുക്കുക. തെരുവുനായ്ക്കൾക്കായി പ്രത്യേക ഷെൽട്ടറുകൾ നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകും.
വീടുകളിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്നവർക്ക് പ്രത്യേക 'സ്മോൾ ഷെൽട്ടർ ലൈസൻസ്' നൽകാനും തീരുമാനമായിട്ടുണ്ട്. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിന് പ്രത്യേക മാനദണ്ഡങ്ങളും നിബന്ധനകളും തയ്യാറാക്കുമെന്നും അധികൃതർ വ്യക്തമാക്കി.