ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയഭാനു ചിബിന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു. പുലർച്ചെ നടന്ന പ്രത്യേക നടപടിക്രമങ്ങൾക്കൊടുവിലാണ് കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
നാല് ദിവസം മുൻപാണ് ഉദയഭാനു ചിബിൻ ഉൾപ്പെടെ എട്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാരത് മണ്ഡപത്തിൽ നടന്ന എഐ ഉച്ചകോടിക്കിടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചന, പൊതുപ്രവർത്തകരെ ബോധപൂർവം ഉപദ്രവിക്കൽ, ജോലി തടസ്സപ്പെടുത്തൽ, നിയമലംഘനം, കലാപമുണ്ടാക്കാൻ ശ്രമിക്കൽ എന്നീ ഗൗരവകരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതിഷേധം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നുമാണ് പൊലീസ് കോടതിയിൽ വാദിച്ചത്. അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കുന്നതിനെ പൊലീസ് ശക്തമായി എതിർത്തിരുന്നു. എന്നാൽ പ്രതിഭാഗം അഭിഭാഷകരുടെ വാദങ്ങൾ കൂടി പരിഗണിച്ച കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
സംഭവം രാഷ്ട്രീയ വിവാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്. പ്രതിഷേധത്തിന് പിന്നിലെ ഗൂഢാലോചനയിൽ രാഹുൽ ഗാന്ധിക്കും പങ്കുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. ഉദയഭാനു ചിബിനും സംഘവും നടത്തിയ അനാവശ്യ പ്രതിഷേധത്തിന് പിന്നിലെ സൂത്രധാരൻ രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം കൂടി ഇതിൽ മറുപടി പറയണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കൂടി നടപടി വേണമെന്നാണ് ബിജെപിയുടെ നിലപാട്.