Share this Article
News Malayalam 24x7
ഇന്ത്യാ മുന്നണി യോഗം ഇന്ന്; 23 പാര്‍ട്ടികള്‍ പങ്കെടുക്കും
23 Opposition Parties to Gather in Delhi Today

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' (INDIA) മുന്നണിയുടെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരും. കോൺഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ സഖ്യകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം. മുന്നണി മര്യാദകൾ പാലിക്കാതെയാണ് കോൺഗ്രസ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നാണ് ഡി.എം.കെ, സി.പി.ഐ.എം, ജെ.എം.എം തുടങ്ങിയ പാർട്ടികളുടെ പൊതുവായ നിലപാട്.

ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടക്കുന്ന യോഗത്തിൽ ആകെ 23 രാഷ്ട്രീയ പാർട്ടികൾ പങ്കടുക്കും. എന്നാൽ, കോൺഗ്രസ് നിലപാടുകളിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ആം ആദ്മി പാർട്ടിയും യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതേസമയം, ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കും.


യോഗത്തിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ ശക്തമായ എതിർപ്പ് നേരിട്ടറിയിക്കാനാണ് സി.പി.ഐ.എം തീരുമാനം. കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായ വിമർശനങ്ങൾ ഉന്നയിച്ചതും, സി.പി.ഐ.എം-ബി.ജെ.പി ഒത്തുകളി ആരോപണം ഉന്നയിച്ചതും സി.പി.ഐ.എം യോഗത്തിൽ ഔദ്യോഗികമായി ചർച്ചയാക്കും. കോൺഗ്രസിന്റെ ഇത്തരം ആരോപണങ്ങൾ മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എ.ഐ.സി.സി അധ്യക്ഷന് നേരത്തെ കത്തയച്ചിരുന്നു.


മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ, അഭിഷേക് ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. മുന്നണിയിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും, ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകുമെന്നും എ.ഐ.സി.സി വക്താവ് ജയറാം രമേശ് വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories