കോടാലിയിൽ എട്ടു വയസുകാരൻ ആൽജോ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ ആ കുടുംബത്തെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി വീടിനുള്ളിൽ നിന്ന് വീണ്ടും പാമ്പുകളെ കണ്ടെത്തി. ഇന്നലെ മാത്രം രണ്ട് പാമ്പുകളെയാണ് വീടിനുള്ളിൽ നിന്ന് പിടികൂടിയത്. ആൽജോയെ കടിച്ചത് എന്ന് കരുതുന്ന അതീവ വിഷമുള്ള ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീണ്ടും കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു പാമ്പിനെ കിടപ്പുമുറിയിൽ നിന്നും മറ്റൊന്നിനെ ശുചിമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ ആൽജോയുടെ വീടിന്റെ പരിസരത്തുനിന്നും ഉള്ളിൽ നിന്നുമായി ആകെ അഞ്ച് പാമ്പുകളെയാണ് ഇതുവരെ ലഭിച്ചത്. ആൽജോ മരിച്ചതിന് തൊട്ടുപിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും വീടിന് ചുറ്റും തീയിടുകയും ചെയ്തിരുന്നു. എന്നിട്ടും വീടിനുള്ളിൽ നിന്ന് വീണ്ടും പാമ്പുകളെ കണ്ടെത്തുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കൂടുതൽ പാമ്പുകൾ ഇനിയും ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ വനംവകുപ്പിന്റെ പ്രത്യേക 'സർപ്പ' സംഘം ഇന്ന് വീട്ടിലെത്തി വിശദമായ പരിശോധന നടത്തും.
അതേസമയം, പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ആൽജോയുടെ സഹോദരൻ അനുഷിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. അനുഷ് ഇപ്പോൾ വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനും ഭക്ഷണം കഴിക്കാനും ആരംഭിച്ചിട്ടുണ്ട്.
ആൽജോയുടെ മരണം നൽകിയ ആഘാതത്തിൽ നിന്നും കുടുംബം ഇനിയും മുക്തമായിട്ടില്ല. അതിനിടയിൽ പാമ്പുകളെ തുടർച്ചയായി കണ്ടെത്തുന്നത് പ്രദേശവാസികളെയും ഭയപ്പെടുത്തുന്നുണ്ട്. വനംവകുപ്പിന്റെ ഇന്നത്തെ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.