കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. എംസി റോഡിൽ മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിൽ വച്ചായിരുന്നു അപകടം. കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ആണ് അപകടം. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നീണ്ടൂർ പ്രാവട്ടം സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അപകടത്തിന് തൊട്ടു പിന്നാലെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിൽ ഉണ്ടായിരുന്ന മൂന്നുപേർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാർ പൂർണമായും തകർന്നു.ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ചവർ മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്നു. കോട്ടയം – കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് കാറുമായി കൂട്ടിയിടിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.