നെയ്യാറ്റിങ്കരയിൽ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിങ്കര കവളാക്കുളം സ്വദേശികളായ ഷിജിൻ - കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഹാൻ (അപ്പു) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെത്തുടർന്നാണ് പിതാവ് ഷിജിനെ നെയ്യാറ്റിങ്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടൻ തന്നെ നെയ്യാറ്റിങ്കര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷിജിൻ കുഞ്ഞിന് ബിസ്കറ്റ് നൽകിയിരുന്നതായും ഇത് കഴിച്ചതിന് പിന്നാലെയാണ് കുട്ടി കുഴഞ്ഞുവീണതെന്നുമാണ് അമ്മ കൃഷ്ണപ്രിയ പോലീസിന് നൽകിയ മൊഴി. ബിസ്കറ്റ് കഴിച്ച് അരമണിക്കൂറിനുള്ളിൽ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചുണ്ടുകളിൽ നിറവ്യത്യാസം അനുഭവപ്പെടുകയും ചെയ്തിരുന്നതായും മൊഴിയിലുണ്ട്.
ഷിജിനും കൃഷ്ണപ്രിയയും തമ്മിൽ സ്ത്രീധനത്തെച്ചൊല്ലി നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. പലപ്പോഴും ഇത് മർദ്ദനത്തിൽ കലാശിക്കാറുണ്ടെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. കൃഷ്ണപ്രിയയുടെ വീട്ടിൽ കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ഷിജിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ. നിലവിൽ ഷിജിനെ നെയ്യാറ്റിങ്കര പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.