കണ്ണൂർ ജില്ലയിലെ അടക്കാത്തോട് രാമചി പ്രദേശത്ത് വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. പള്ളുവാതുക്കൽ സ്കറിയയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലാണ് പുലി ഇറങ്ങിയത്. തോട്ടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ഏകദേശം ഒരു മാസം മുൻപും ഇതേ പ്രദേശത്ത് പുലിയെ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായ പുലി സാന്നിധ്യം മേഖലയിലെ ജനങ്ങൾക്കിടയിൽ വലിയ ഭീതിയാണ് പടർത്തുന്നത്. പള്ളുവാതുക്കൽ സ്കറിയയുടെ തോട്ടത്തിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്രയും പെട്ടെന്ന് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പകൽ സമയങ്ങളിലും പുലി മേഖലയിൽ ഇറങ്ങാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾക്ക് വനംവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പുലിയെ പിടികൂടാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ജനകീയ ആവശ്യം ശക്തമാണ്.