യുവതിയുടെ വീട്ടുകാരുടെ മതിപ്പ് നേടിയെടുക്കാനും രക്ഷകനായി ചമയാനും വേണ്ടി കൃത്രിമമായി വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും പൊലീസ് പിടിയിലായി. കോന്നി മാമൂട് സ്വദേശി രഞ്ജിത് രാജൻ, പയ്യാനമൺ സ്വദേശി അജാസ് എന്നിവരെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 23-നാണ് കേസിനാസ്പദമായ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വാഴമുട്ടത്തുവെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാറിലെത്തിയ അജാസ് പിന്തുടർന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടം സൃഷ്ടിച്ച ശേഷം അജാസ് കാർ നിർത്താതെ ഓടിച്ചുപോയി. ഇത് കൃത്യമായ ആസൂത്രണത്തോടെ ചെയ്ത അപകടമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകടം നടന്ന ഉടൻ തന്നെ മറ്റൊരു കാറിൽ സ്ഥലത്തെത്തിയ രഞ്ജിത് രാജൻ രക്ഷകനായി വേഷമിട്ടു. പരിക്കേറ്റ യുവതിയെ ഇയാൾ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. താനാണ് യുവതിയുടെ ഭർത്താവെന്ന് രഞ്ജിത് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. യുവതിയുടെ വീട്ടുകാരുടെ വിശ്വാസവും പ്രീതിയും പിടിച്ചുപറ്റുക എന്ന ഒറ്റ ലക്ഷ്യത്തിലായിരുന്നു ഈ അപകട നാടകം.
അപകടം നടന്ന നിമിഷം തന്നെ രഞ്ജിത് രക്ഷാപ്രവർത്തകനായി സ്ഥലത്തെത്തിയത് പോലീസിൽ സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഇടിച്ചിട്ട് നിർത്താതെ പോയ കാർ പൊലീസ് കണ്ടെത്തുകയും അതോടെ പ്രതികളുടെ കള്ളം പൊളിയുകയുമായിരുന്നു. മനപ്പൂർവ്വം സൃഷ്ടിച്ച അപകടമാണെന്ന് വ്യക്തമായതോടെ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.