കണ്ണടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതിനെ ചൊല്ലി സിപിഐഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പരിപാടിക്കിടെ സദസ്സിൽ നിന്നുള്ള ആവശ്യപ്രകാരമാണ് ഗായകസംഘം ഗണഗീതം ആലപിച്ചത്.
"താവേ താരകാമനെ പൂജിക്കാൻ പുണ്യവാഹിനിമേക്കും പൂങ്കാവനങ്ങളും..." എന്ന് തുടങ്ങുന്ന ഗണഗീതം പാടിക്കൊണ്ടിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. ഉടൻ തന്നെ രണ്ട് സിപിഐഎം പ്രവർത്തകർ സ്റ്റേജിൽ കയറി പാട്ട് തടയുകയും അത് നിർത്തിപ്പിക്കുകയും ചെയ്തു. ഇതിനെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.
ക്ഷേത്ര പരിസരത്ത് ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും തുടർന്ന് സംഘർഷവും ഉണ്ടായതായാണ് റിപ്പോർട്ട്. സംഘർഷം നിയന്ത്രിക്കാൻ പോലീസ് സ്ഥലത്തെത്തിയിരുന്നു. നിലവിൽ പ്രദേശത്ത് കൂടുതൽ പ്രശ്നങ്ങളില്ല.